മാരാമൺ: പമ്പാ നദിയിൽ നിന്നുള്ള കുളിർകാറ്റേറ്റ് സുവിശേഷ സത്യങ്ങളെ മണൽപ്പുറത്തിരുന്ന് അപഗ്രഥിച്ചിരുന്ന കാലഘട്ടം പഴയ തലമുറയുടെ മനസിൽ ഇന്നും പച്ചപിടിച്ചു നിൽക്കുന്നു. പന്പാ മണൽപ്പുറത്ത് പഞ്ചാര മണൽ നഷ്ടമായി ചെളിയും കാടും കയറികിടക്കുന്ന കൺവൻഷൻ നഗർ പലരുടെയും മനസിന് ആഘാതമായി മാറുകയാണ്. മാരാമണ്ണിനു നഷ്ടപ്പെട്ട പ്രകൃതി സൗന്ദര്യത്തിന്റെ നേരിട്ടുള്ള കാഴ്ചയാണ് ഇന്നത്തെ കൺവൻഷൻ മണൽപ്പുറം.
പമ്പാനദി വഴിമാറിയതോടെ മണൽപ്പരപ്പിൽ പുറ്റുകൾ കൂടുതലായി രൂപപ്പെട്ടു. മൺപുറ്റുകൾ നീക്കം ചെയ്തശേഷമാണ് ഇന്നിപ്പോൾ മണൽപ്പുറം ഒരുക്കുന്നത്. കൺവൻഷൻ സംഘാടകർക്ക് ഇത് ഭാരിച്ച ജോലിയുമാണ്. കൺവൻഷൻ നഗറിനോടു ചേർന്ന ഭാഗത്ത് പന്പാനദിയുടെ ആഴം വർധിച്ചു. ഇതോടെ കൺവൻഷൻ നഗർ കരയായി രൂപപ്പെട്ടിരിക്കുകയാണ്. മഴക്കാലത്ത് മാത്രമേ ഇതിലൂടെ വെള്ളം ഒഴുകാറുള്ളൂ. പ്രളയകാലത്ത് ചെളിയും മണ്ണും വന്നടിയും.
പിന്നീട് ഇവിടെ പുറ്റുകളായി മാറുകയും ചെയ്യും. പുല്ലുകൾ വളർന്ന് കുറ്റിക്കാടുകളായി മാറുന്ന പ്രദേശം കൺവൻഷനായി ഒരുക്കിയെടുക്കുന്നതു തന്നെ ഭാരിച്ച ജോലിയാണ്. കൺവൻഷൻ സംഘാടകർ മാസങ്ങൾ നീളുന്ന അധ്വാനത്തിനുശേഷമാണ് മണൽപ്പുറം സജ്ജീകരിക്കുന്നത്.
മണൽ നഷ്ടമായതോടെ പൊടിശല്യം രൂക്ഷമാണ്. ടാങ്കർ വാഹനത്തിൽ വെള്ളം തളിച്ചാണ് പന്തലിനു ചുറ്റും ആശ്വാസമേകുന്നത്. ചൂടിന്റെ കാഠിന്യം ഏറിയതോടെ പന്തലിനുള്ളിൽ പോലും അസഹനീയമായ ചൂട് അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും പ്രകൃതിക്കുണ്ടായ മാറ്റവുമെല്ലാം പരന്പരാഗതമായ കൺവൻഷൻ നഗറിനെയും മാറ്റങ്ങളുടെ വേദിയാക്കി മാറ്റി.
ഭക്ഷണപ്പൊതി മാരാമണ്ണിന്റെ പാരമ്പര്യം
മുന്‍ കാലങ്ങളില്‍ മാരാമണ്‍ കണ്‍വന്‍ഷനിലെത്തുന്ന ആളുകള്‍ രാവിലെയെത്തിയാല്‍ രാത്രി യോഗവും കഴിഞ്ഞ് മാത്രമേ വീടുകളിലേക്ക് മടങ്ങൂകയുള്ളായിരുന്നു. ഉച്ചഭക്ഷണം ഇലയിൽ പൊതിഞ്ഞ് വീടുകളിൽ നിന്നു കൊണ്ടുവരുമായിരുന്നു. ഉച്ചസമയത്തെ വിശ്രമവേളകളിൽ മണൽപ്പുറത്തിരുന്ന് ഇതു കഴിക്കും.
പിന്നീടുള്ള യോഗങ്ങളിലും പങ്കെടുക്കും. വിദൂരങ്ങളിൽ നിന്നെത്തുന്നവരുടെ പതിവായിരുന്നു ഇത്. ഇതിന്റെ സ്മരണയിൽ കൂടിയാണ് കോഴഞ്ചേരി മാർത്തോമ്മാ ഇടവക ഭക്ഷണപ്പൊതി തയാറാക്കി നൽകിത്തുടങ്ങിയത്.
വികാരി റവ. ജോണ്‍ തോമസ്, ഷാജി പുളിമൂട്ടില്‍, ലീബ അമ്പാട്ട്, ബിനു പരപ്പുഴ എന്നിവര്‍ കണ്വീനര്മാരായിട്ടുള്ള കമ്മിറ്റിയാണ് പൊതി വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വാഴയില കിട്ടാനാണ് ഏറെ പ്രയാസമെന്ന് കണ്‍വീനര്‍ ഷാജി പുളിമൂട്ടില്‍ പറഞ്ഞു. രാത്രിയില്‍ തന്നെ ഇലകള്‍ വാട്ടി തുടച്ച് വൃത്തിയാക്കിയതിന് ശേഷമാണ് പൊതി തയാറാക്കുന്നത്.